ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില ഗണ്യമായി കുറയ്ക്കാൻ ജിഎസ്ടി യിലേക്ക് മാറ്റാമെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ.
സംസ്ഥാന സർക്കാരുകള്‍ നിർദ്ദേശം അംഗീകരിച്ച് അനുയോജ്യമായ നിരക്ക് നിശ്ചയിച്ചാല്‍ പെട്രോളിനും ഡീസലിനും വാറ്റ് (മൂല്യവർദ്ധിത നികുതി) എന്നതിന് പകരം ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രകാരം നികുതി ചുമത്താമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ .
‘സംസ്ഥാനങ്ങള്‍ നിരക്ക് നിശ്ചയിച്ച് എല്ലാവരും ഒത്തുചേരുകയും ജിഎസ്ടിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് തീരുമാനിക്കുകയും ചെയ്താല്‍, ഞങ്ങള്‍ക്ക് അത് ഉടനടി നടപ്പിലാക്കാൻ കഴിയും,’ ധനമന്ത്രി വെളിപ്പെടുത്തി.
നിലവില്‍ പെട്രോളിനും ഡീസലിനും ഓരോ സംസ്ഥാനങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത വിലയാണുള്ളത്, കാരണം ഓരോ സംസ്ഥാനവും ചുമത്തുന്നത് വ്യത്യസ്ത നികുതിയാണ്, ഇതിനു ശേഷം കേന്ദ്രത്തിൻ്റെ എക്സൈസ് ഡ്യൂട്ടി ഇതിന് മുകളില്‍ ഈടാക്കുന്നു, അതായത് അന്തിമ ഉപഭോക്താവ് രണ്ട് തവണ നികുതി അടയ്ക്കുന്നു – ഒരിക്കല്‍ സംസ്ഥാന സർക്കാരിനും പിന്നെ വീണ്ടും കേന്ദ്രത്തിനും.
രണ്ടും ജിഎസ്ടി ലിസ്റ്റിലേക്ക് മാറ്റിയാല്‍ പിന്നെ ഉപഭോക്താവ് ഒരു തവണ മാത്രമേ നികുതി അടക്കേണ്ടി വരുകയുള്ളൂ, ഇത് പെട്രോള്‍ ഡീസൽ വില ഗണ്യമായി കുറയുന്നതിന് കാരണമാകും. എന്നാൽ ഇത്തരം ഒരു തീരുമാനം നടപ്പാക്കിയാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും വൻ വരുമാന നഷ്ടമാണ് ഉണ്ടാക്കുക. നഷ്ടം സഹിക്കാൻ തങ്ങൾ തയ്യാറാണ് എന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ ഇനി പന്ത് സംസ്ഥാനങ്ങളുടെ കോർട്ടിലാണ്.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയം ആയതിനാൽ ശക്തമായ എതിർപ്പ് സംസ്ഥാന സർക്കാരുകൾ ഉയർത്തിയാൽ അത് കേന്ദ്രത്തിന് അനുകൂലമാവുകയും സംസ്ഥാന സർക്കാരുകൾക്ക് പ്രതികൂലമാവുകയും ചെയ്യും. അതുപോലെതന്നെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്ന് ഇന്ധന വിലകുറച്ചാൽ ക്രെഡിറ്റ് കേന്ദ്രത്തിന് മാത്രം സ്വന്തമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ പ്രതിപക്ഷനിരയെ ലക്ഷ്യമാക്കി നിർമലാ സീതാരാമനിലൂടെ നരേന്ദ്രമോദി സർക്കാർ നടത്തുന്ന സർജിക്കൽ സ്ട്രൈക്ക് ആയിട്ടാണ് ഈ നീക്കത്തെ രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.