ജൽ ജീവൻ മിഷൻ അട്ടിമറിക്ക് പിന്നിൽ വൻ അഴിമതി? കേന്ദ്ര സർക്കാർ നൽകാമെന്ന് അറിയിച്ച 752 കോടി രൂപ വേണ്ടെന്ന് വച്ച് എഡിബിയിൽ നിന്ന് 2511 കോടി രൂപ വായ്പ എടുക്കുന്നു

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി അനുവദിച്ച 752 കോടിയുടെ കേന്ദ്രപദ്ധതി കൊച്ചിക്ക് ആവശ്യമില്ലെന്നറിയിച്ച്‌ സ്വയം പിന്‍മാറി. പകരം അധിക തുകയ്‌ക്ക് വിദേശ കമ്പനിക്ക് കരാര്‍ നല്കുകയാണ് ചെയ്തിരിക്കുന്നത്.

എഡിബി വായ്പയുടെ മറവില്‍ എസ്റ്റിമേറ്റ് തുകയുടെ 21 ശതമാനം അധിക തുകയ്‌ക്ക് വിദേശ കമ്പനിയായ സോയൂസ് പ്രോജക്‌ട്‌സ് പ്രൈ. ലിമിറ്റഡിനാണ് കരാര്‍ നല്കിയത്. കൊച്ചി കുടിവെള്ള പദ്ധതിയുടെ പേരില്‍ എഡിബിയില്‍ നിന്ന് 2511 കോടിയുടെ വായ്പയാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. വായ്പ എടുക്കുന്നതിന് സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി അനുമതിയും നല്കി.

കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പദ്ധതിയില്‍ കരാര്‍ പണികളുടെ ഓരോ ഘട്ടത്തിലും വ്യക്തമായ പരിശോധന ഉണ്ടാകും. ഇതനുസരിച്ചായിരിക്കും അടുത്ത ഘട്ടത്തിലേക്ക് തുക അനുവദിക്കുന്നത്. എഡിബി വായ്പയിലാണെങ്കില്‍ പരിശോധന കൂടാതെ തുക ലഭിക്കും.

വായ്പയുടെ നിബന്ധനപ്രകാരം ജലവിതരണം സ്വകാര്യ കമ്പനിക്കു നല്കുമ്പോള്‍ വെള്ളത്തിന്റെ കച്ചവടമൂല്യം കൂടുകയും, സേവനങ്ങളുടെ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതായും വരും. നിലവിലുള്ള കുടിവെള്ള പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇതോടെ വിലയിലും പൊതുവിതരണത്തിലും ഉപഭോക്താക്കള്‍ ഇരട്ടി തുകയും നല്‌കേണ്ടതായി വരും.

കൊച്ചിയിലെ ജലനഷ്ടം 51 ശതമാനമാണുള്ളത്. 20 ശതമാനമായി കുറച്ച്‌ ജലവിതരണം കാര്യക്ഷമമാക്കുന്നതിനാണ് പദ്ധതി. പഠനത്തിന്റെ ആധികാരികതയിലും സംശയവും അഴിമതി ആക്ഷേപവും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

കൊച്ചിയിലെ ജലനഷ്ടം 35 ശതമാനത്തോളമെ വരികയുള്ളൂ. പദ്ധതി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ക്ക് സിങ്കപ്പൂരില്‍ പോകണമെന്ന വ്യവസ്ഥയിലും ആശങ്കയുണ്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിലൂടെ ഇടനിലക്കാര്‍ക്ക് 10 മുതല്‍ 20% വരെ കമ്മിഷനായി ലഭിക്കും. മറ്റ് ജില്ലകളിലും ഇത്തരത്തില്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കം നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!