നമ്മുടെ തൊട്ട് അയല്‍ സംസ്ഥാനമായ കര്‍ണാടക ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഇന്ധന വില വര്‍ധനവ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
അവശ്യ വസ്തുക്കളുടെ വിലയും എണ്ണ വിലയും തമ്മില്‍ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ശരാശരി 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അതനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടെങ്കിലും ഏതാണ്ട് ഒരേ നിലവാരത്തിലാണ് പെട്രോള്‍ വില്‍ക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും വിലയേക്കാള്‍ കൂടുതലാണ് നികുതി എന്ന കാര്യം പലര്‍ക്കും അറിയാമായിരിക്കാം. എന്നാല്‍ എങ്ങനെയാണ് പെട്രോള്‍ വില നിശ്ചയിക്കുന്നതെന്ന കാര്യം പലര്‍ക്കും അറിയില്ല.
എന്തുകൊണ്ടാണ് പെട്രോള്‍, ഡീസല്‍ വില ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെടുന്നത് എന്നും നമുക്ക് നോക്കാം. മാത്രമല്ല എണ്ണ കമ്പനികള്‍ക്കും സര്‍ക്കാരിനും എത്ര ലാഭം കിട്ടുമെന്ന വിവരങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കാം.
കേന്ദ്ര സര്‍ക്കാര്‍ നികുതി:
ക്രൂഡ് ഓയില്‍, പ്രകൃതിവാതകം എന്നിവയ്ക്കുള്ള റോയല്‍റ്റി, കസ്റ്റംസ് നികുതി, എക്സൈസ് നികുതി, കോര്‍പ്പറേറ്റ് നികുതി, ആദായനികുതി, സംസ്ഥാനങ്ങളുടെ വില്‍പന നികുതി, സംസ്ഥാന സെസ് തുടങ്ങിയ നികുതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഈടാക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ഒരു ലിറ്റര്‍ പെട്രോളിന് 19.90 രൂപ വരെയും ഡീസലിന് 15.80 രൂപ വരെയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്‌സ്‌സൈസ് നികുതി. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഈ നികുതിപ്പണവും ചേര്‍ക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ നികുതികൾ
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ സംസ്ഥാന സര്‍ക്കാരുകളും നികുതി ചുമത്തുന്നു. ഓരോ സംസ്ഥാനവും വ്യത്യസ്തമായ നികുതി വ്യവസ്ഥയാണ് കൈകാര്യം ചെയ്യുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മൂല്യവര്‍ധിത നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ നികുതി ചുമത്തുകയും അതില്‍ നിന്ന് വരുമാനം നേടുകയും ചെയ്യുന്നു.
പെട്രോളിന് ലിറ്ററിന് 30.08 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടു രൂപ സാമൂഹിക സുരക്ഷാ സെസ് എന്നിവയാണ് കേരളം ഈടാക്കുന്നത്. ഡീസലിന് ഇത് 22.76 ശതമാനം വില്‍പന നികുതി, ഒരു രൂപ അഡിഷണല്‍ വില്‍പന നികുതി, ഒരു ശതമാനം സെസ്, രണ്ടുരൂപ സാമൂഹിക സുരക്ഷാ സെസ് എന്നിങ്ങനെയാണ്.