കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. അപകടത്തില്‍ മരിച്ച പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയില്‍ ലൂക്കോസ് (സാബു-45), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ് (56), എന്‍.ബി.ടി.സി. ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി എന്നീ മലയാളികളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
അപകടത്തില്‍ 49 പേരാണ് മരിച്ചത്. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 11 പേർ മലയാളികളാണ്. ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ഭൂനാഥ് റിചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, ദ്വാരികേഷ് പട്ടനായക്, വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, റെയ് മണ്ട് മഗ് പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ഇവരുടെ മറ്റു വിവരങ്ങള്‍ പുറത്തുവരുന്നതെയുള്ളൂ.
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവം വിശദമായി അന്വേഷിക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.