തോറ്റവരിൽ ഒന്നാം പിണറായി വിജയൻ സർക്കാരിലെ നാല് മന്ത്രിമാരും

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ തോറ്റവരിൽ ഒന്നാം പിണറായി വിജയൻ സർക്കാരിലെ നാല് മന്ത്രിമാരും.

വടകരയില്‍ കെ.കെ ശൈലജ, തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ഡോ. ടിഎം തോമസ് ഐസക്ക് എന്നിവരാണ് ലോക്സഭയിലേക്ക് മത്സരിച്ച്‌ പരാജയമറിഞ്ഞത്.

ഇതില്‍ കനത്ത തോല്‍വി വഴങ്ങിയത് വടകരയില്‍ കെകെ ശൈലജയാണ്. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് തോല്‍വി വഴങ്ങുകയായിരുന്നു. തൃശൂരില്‍ ശക്തമായ ത്രികോണ മത്സരത്തില്‍ 74,000ല്‍പ്പരം വോട്ടുകള്‍ക്കാണ് വിഎസ് സുനില്‍കുമാര്‍ പരാജയപ്പെട്ടത്.

ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബെന്നി ബെഹനാനോട് പരാജയപ്പെട്ടപ്പോള്‍ പത്തനംതിട്ടയില്‍ തോമസ് ഐസക്കും പരാജയം രുചിച്ചു. സിറ്റിംഗ് എംപി ആന്റോ ആന്റണിയോടാണ് ഐസക് തോല്‍വി വഴങ്ങിയത്.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചു. കേരളത്തില്‍ നിന്ന് സിപിഎമ്മിന് ലഭിച്ച ഏക സീറ്റാണ് ഇത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!