ന്യൂയോര്‍ക്ക്: ആന്‍റിച് നോര്‍ക്യെയുടെ മാരക പേസിനു മുന്നില്‍ 100 പോലും കടക്കാതെ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ലങ്കന്‍ ക്യാപ്റ്റന്‍ വാനിന്ദു ഹസരങ്കയുടെ തീരുമാനം പാളി. അവരുടെ പോരാട്ടം 19.1 ഓവറില്‍ വെറും 77 റണ്‍സില്‍ അവസാനിച്ചു. ലോകകപ്പില്‍ ജയത്തോടെ തുടങ്ങാന്‍ പ്രോട്ടീസിനു വേണ്ടത് 78 റണ്‍സ് മാത്രം.
നോര്‍ക്യെ നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് നാല് വിക്കറ്റുകള്‍. ലോകകപ്പിലെ മികച്ച ബൗളിങ് ഫിഗറുകളില്‍ ഒന്നു കൂടിയായി പ്രകടനം മാറി.
ഒരു ഘട്ടത്തില്‍ പോലും ശ്രീലങ്കയുടെ ഒരു ബാറ്ററും ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല. 19 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ്, 16 റണ്‍സെടുത്ത ആഞ്ജലോ മാത്യൂസ്, 11 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് എന്നിവരാണ് രണ്ടക്കം കടന്നവര്‍. നാല് താരങ്ങള്‍ പൂജ്യത്തില്‍ മടങ്ങി.
നോര്‍ക്യെക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെല്ലാം മികച്ച ബൗളിങ് പുറത്തെടുത്തു. കഗിസോ റബാഡ നാലോവറില്‍ 21 റണ്‍സും കേശവ് മഹാരാജ് ഇത്രയും ഓവറില്‍ 22 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഒട്ട്‌നീല്‍ ബാര്‍ട്മന്‍ നാലോവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. മാര്‍ക്കോ ജാന്‍സന്‍ 3.1 ഓവറില്‍ 15 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിക്കറ്റില്ല.