എക്‌സാലോജിക്: അബുദാബിയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് വീണയും സുനീഷും, യുഎസിലേക്കും തുക മാറ്റിയെന്ന് ഷോണ്‍ ജോര്‍ജ്

കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി പരാതിക്കാരില്‍ ഒരാളായ ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഷോണ്‍ പറഞ്ഞു.

എക്സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തായ്ക്കണ്ടിയില്‍, എം സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നത്. ഇതു വഴി വലിയ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ഷോണ്‍ പറഞ്ഞു.

ഈ വിവരങ്ങള്‍ ഏപ്രില്‍ 19ന് ചെന്നൈയിലെ ഇ ഡി സ്പെഷ്യല്‍ ഡയറക്ടര്‍ക്കു നല്‍കി. മറ്റൊരാള്‍ നല്‍കിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്നു കരുതുന്നതിനാലാണ് അധികൃതര്‍ക്കു സമര്‍പ്പിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു.

രണ്ട് വിദേശ കമ്പനികളില്‍നിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് 3 കോടി രൂപ വീതം എത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പുറമെ ഒട്ടേറെ കമ്പനികളില്‍നിന്ന് ഈ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നുവെന്നും ഇതെല്ലാം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!