മൂർഖനെ തോളിലിട്ട് അതിസാഹസികത; ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു

തൃശൂർ: മൂര്‍ഖനെ തോളിലിട്ട് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അതിസാഹസികത കാട്ടിയ ആൾക്ക് പാമ്പിന്റെ കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിനടുത്ത് വെച്ച് രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. നാരായണാലയം ഭാഗത്തേക്കു പോയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവന്നു.

പാമ്പിനെ കളയാന്‍ സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം തുടർന്നു. ഇതിനിടെ ഇയാൾക്ക് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റതോടെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാർ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.

പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രാവിലെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെ പിന്നീട് വനംവകുപ്പിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!