പ്രതികാരം തീർക്കാനായി മാർക്സിസത്തെ ഉപയോഗിക്കുന്നു; പകവീട്ടാൻ നോക്കിയിരിക്കുന്ന കുറുക്കന്റെ സ്വഭാവം; സച്ചിദാനന്ദനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻ തമ്പി

തൃശൂർ: കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും കവിയുമായ കെ സച്ചിദാനന്ദനെതിരെ ആഞ്ഞടിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. തനിക്കെതിരെ പ്രതികാരം തീർക്കാൻ സച്ചിതാനന്ദൻ മാർക്‌സിസത്തെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ കാര്യത്തിൽ ഇനി സർക്കാരുമായി ചർച്ചക്കില്ലെന്നും സാഹിത്യ അക്കാദമിയുമായും സർക്കാരുമായും ഇനി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീകുമാരൻ തമ്പിയുടെ പാട്ട് ക്ലീഷേ ആണെന്ന സച്ചിദാനന്ദന്റെ പ്രതികരണത്തിന് പിന്നാലെയാണ് സാഹിത്യ അക്കാദമിക്കും സച്ചിദാനന്ദനും എതിരെ രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരിക്കുന്നത്.

സച്ചിദാനന്ദനെ ‘സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവി’യെന്ന് പരിഹസിച്ച അദ്ദേഹം തന്റെ പാട്ട് സ്വീകരിക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് അത് നേരത്തെ പറഞ്ഞില്ലെന്ന് ചോദിച്ചു. തന്റെ പാട്ട് ക്ലീഷേ ആണെന്നാണ് പറയുന്നത്. എന്തുകൊണ്ടാണ് താൻ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതുവരെ ഇത് പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. പകവീട്ടാൻ നോക്കിയിരിക്കുന്ന കുറുക്കന്റെ സ്വഭാവമാണ് സച്ചിദാനന്ദന്റേത്. താൻ എഴുതിയ ഏത് വരികളാണ് ക്ലീഷേ എന്നും അദ്ദേഹം ചോദിച്ചു.

‘സച്ചിദാനന്ദൻ ഇന്ന് പറയുന്നു ശ്രീകുമാരൻ തമ്പിയുടെ പാട്ട് ക്ലീഷേ ആണെന്ന്. എന്തുകൊണ്ടാണ് ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിടുന്നത് വരെ ഇത് പറഞ്ഞില്ല?. എന്റെ പാട്ട് സ്വീകരിക്കുന്നില്ലെങ്കിൽ അത് പറയേണ്ട കടമ അവർക്കുണ്ട്. പല്ലവിയിൽ മാറ്റം വരുത്താൻ പറഞ്ഞപ്പോൾ ആദ്യ നാല് വരി മാറ്റിയെഴുതി കൊടുത്തു. കേരളഗാനം എഴുതണമെന്ന് കേരള സർക്കാർ പറയുമ്പോൾ സഖാവ് പിണറായി വിജയനും സഖാവ് സജി ചെറിയാനും വേണ്ടിയല്ല എഴുതുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ്. സ്വീകരിക്കാൻ പറ്റാത്ത പദമുണ്ടെന്നാണ് പറയുന്നത്. ഏത് പദങ്ങളാണ് സ്വീകരിക്കാൻ പറ്റാത്തത് ആയി ഉള്ളത്. കൊച്ചു കുികൾക്ക് പോലും മനസിലാകുന്നതു പോലെ എഴുതണമെന്നായിരുന്നു നിർദേശം. അതുകൊണ്ടു തന്നെ അത്ര ലളിതമായ വരികളാണ് ഉപയോഗിച്ചിരിക്കുന്നത്.

‘ഹരിത ഭംഗി കവിത ചൊല്ലും എന്റെ കേരളം, സഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം, ഇളനീരിൻ മധുരമൂറും എൻ മലയാളം, വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം.’ ‘ഇതാണ് ഞാനെഴുതിയ കേരളഗാനത്തിലെ ആദ്യ വരികൾ. ഇതിലെ ക്ലീഷേ ആയിട്ടുള്ള വാക്ക് ഏതാണ്? ഇളനീർ ആണോ? അങ്ങനെയാണെങ്കിൽ സച്ചിദാനന്ദൻ മലയാളിയല്ല’ – ശ്രീകുമാരൻ തമ്പി തുറന്നടിച്ചു.

ഏതാണ് ക്ലീഷേ പദമെന്ന് അവർ പറഞ്ഞിട്ടില്ല. ചില വാക്കുകൾ സ്വീകാര്യമല്ലെന്നാണ് അവർ പറയുന്നത്. അതും ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. മുഴുവൻ വരികളും പുറത്ത് വരുമ്പോൾ ജനങ്ങൾക്ക് അറിയാമല്ലോ. ഈ പാട്ട് വൈകാതെ യൂട്യൂബിൽ വരും. അപ്പോൾ ജനങ്ങൾ തീരുമാനിക്കും. സിനിമയിൽ പാട്ടെഴുതണമെന്ന് വലിയ ആഗ്രഹമുള്ള ആളാണ് സച്ചിദാനന്ദൻ. ഒരുപാട്ടെഴുതി ഉമ്പായിയുടെ പിറകെ നടന്ന് അദ്ദേഹത്തെ കൊണ്ട് പാടിച്ച് ആസ്വദിച്ച ആളാണ്. അപ്പോൾ, ഏതു ഭാഗത്ത് തിരിഞ്ഞാലും ശ്രീകുമാരൻ തമ്പിയുടെ പാട്ടിങ്ങനെ കാതിൽ കേൾക്കുമ്പോൾ ദുഃഖം വരും. എന്റെ വരികൾ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഏറ്റു പാടുന്നുണ്ട്. സച്ചിദാനന്ദന്റെ ഏതെങ്കിലും നാല് വരികൾ 50 കൊല്ലം കഴിഞ്ഞ ആരെങ്കിലും ഒർമ്മിച്ച് പാടുമോയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!