ജെറുസലേം : ഒൿടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാൾ ഒളിവിൽ കഴിഞ്ഞിരുന്നത് വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ.
മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രായേൽ കമാൻഡോ സംഘം വെസ്റ്റ് ബാങ്ക് ആശുപത്രിയിൽ എത്തി ഇയാളെ അടക്കം മൂന്ന് ഹമാസ് തീവ്രവാദികളെ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്.
വെസ്റ്റ് ബാങ്കിലെ ഇബ്ൻ സിന ആശുപത്രിയിലായിരുന്നു ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ആസൂത്രകരിലൊരാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാളോടൊപ്പം മറ്റു രണ്ട് പേർ കൂടി ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഇവർ വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ ഒളിവിൽ കഴിയുന്നതായുള്ള വിവരം ലഭിച്ച ശേഷം നീണ്ട നിരീക്ഷണങ്ങൾക്കൊടു വിലാണ് കഴിഞ്ഞദിവസം പുലർച്ചെ ആശുപത്രി ജീവനക്കാരുടെ വേഷത്തിൽ ഇസ്രായേൽ സൈന്യത്തിലെ കമാൻഡോ സംഘം ഇവിടെയെത്തി കൃത്യം നിർവഹിച്ചത്.
പത്തംഗ കമാൻഡോ സംഘമാണ് ഈ ദൗത്യത്തിൽ പങ്കാളികളായത്. ഹമാസ് തീവ്രവാദികൾക്ക് പലസ്തീൻ ആശുപത്രികളിൽ അഭയം കൊടുക്കുന്നുവെന്ന ഇസ്രായേലിന്റെ വാദത്തിന് ശക്തി പകരുന്നതായിരുന്നു കഴിഞ്ഞദിവസം നടന്ന ഓപ്പറേഷൻ.