മുംബൈ: ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1.71 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഐടി കമ്പനികളായ ഇന്‍ഫോസിസും ടിസിഎസുമാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്.
കഴിഞ്ഞയാഴ്ചയും ഓഹരി വിപണി കനത്ത ഇടിവാണ് നേരിട്ടത്. ബിഎസ്ഇ സെന്‍സെക്സ് 759 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. ഇന്‍ഫോസിസിനും ടിസിഎസിനും പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി ഓഹരികളാണ് നഷ്ടം നേരിട്ടത്.
ഇന്‍ഫോസിസിന് മാത്രം കഴിഞ്ഞയാഴ്ച 62,948 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 7,53,678 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം താഴ്ന്നത്. വെള്ളിയാഴ്ച മാത്രം ആറുശതമാനമാണ് ഇന്‍ഫോസിസ് ഇടിഞ്ഞത്. 50,598 കോടിയുടെ നഷ്ടത്തോടെ 14,92,714 കോടിയായി ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 20,605 കോടി, ഐസിഐസിഐ ബാങ്ക് 16,005 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 15,640 കോടി, ഐടിസി 5,880 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം.
അതേസമയം എസ്ബിഐ, എല്‍ഐസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. റിലയന്‍സിന് മാത്രം ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന 79,773 കോടിയാണ്.