വാദിയും പ്രതിയും ഹാജരാകേണ്ട… രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു…

കൊല്ലം : ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റല്‍ കോടതി രാജ്യത്ത് ആദ്യമായി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. സുപ്രീംകോടതിയുടെ ഇ–കോടതി നയത്തിന്‍റെ ഭാഗമായാണ് കടലാസ് രഹിത ഹൈബ്രിഡ് കോടതിയുടെ പ്രവര്‍ത്തനം.

ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല.വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. “24×7 ” ഓൺ കോടതി എന്നാണ് ഈ ഡിജിറ്റൽ കോടതിയുടെ പേര്. ഇതിൻ്റെ ഭാഗമായി കോടതി മുറിയിൽ പ്രത്യേക വീഡിയോ കോൺഫറൻസ് സംവിധാനം ഉണ്ടാകും.

കൊല്ലം കളക്ടറേറ്റ് കെട്ടിട സമുച്ചയത്തിലെ രണ്ടാം നിലയിലാണ് ഡിജിറ്റല്‍ കോടതി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ചെക്ക് ബൗൺസ് ആയ കേസുകളാണ് കോടതി പരിഗണിക്കുന്നത്. നിശ്ചിത സമയം ഇല്ലാത്തതിനാൽ ഏത് സമയത്തും എവിടെ നിന്നും കേസ് ഫയൽ ചെയ്യാം. വാദിയും പ്രതിയും കോടതിയിൽ ഹാജരാകേണ്ടതില്ല. രേഖകൾ ഓൺലൈൻ മുഖേന അപ്‌ലോഡ് ചെയ്യണം. കൊല്ലത്തെ മൂന്നു മജിസ്ട്രേട്ട് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലും ഫയൽ ചെയ്യേണ്ട ചെക്ക് കേസുകള്‍ ഇനി ഇവിടേക്ക് ഫയല്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!