ജാതിമത വ്യത്യാസമില്ലാതെ സാമൂഹിക നീതി യഥാര്‍ത്ഥ്യമാകണമെന്നതാണ്ശ്രീനാരായണ ഗുരുദര്‍ശനം: സുരേഷ് ഗോപി

വർക്കല : ജാതിമത വ്യത്യാസമില്ലാതെ സാമൂഹിക നീതി യഥാര്‍ത്ഥ്യമാകണമെന്നതാണ് ശ്രീനാരായണ ഗുരുദര്‍ശനം ചൂണ്ടിക്കാട്ടുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ഗുരുദേവന്‍റെ ഒരു ജാതി, ഒരുമതം , ഒരുദൈവം മനുഷ്യന് എന്ന സന്ദേശത്തിന് എക്കാലവും പ്രസക്തിയുണ്ടാകും. ശിവഗിരിയില്‍ 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂരിലെ ഗുരുദേവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് തനിക്ക് ഈ നിലയില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞതെന്നു താന്‍ വിശ്വസിക്കുന്നു. ഗുരുവിന്‍റെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭിന്നതകളെ ഇല്ലാതാക്കി പരസ്പര ധാരണയുടേയും ഐക്യത്തിന്‍റേയും പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഒന്നിക്കാം. ഗുരുവിന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധരാകണം.

തനിക്ക് 3 വയസ്സ് ഉള്ളപ്പോള്‍ പീതാംബരധാരികളായി ഗുരുദേവഭക്തര്‍ കൊല്ലം പട്ടണത്തില്‍ നടത്തിയിട്ടുള്ള ചതയദിന ഘോഷയാത്ര അച്ഛനൊപ്പം പോയി കണ്ടിട്ടുള്ള കാര്യം മനസ്സില്‍ കടന്നുവരികയാണ്ജയന്തി സമ്മേളന വേളയിലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.

സച്ചിദാനന്ദ സ്വാമി രചിച്ച ‘ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്ര അവലോകനം’ എന്ന പുസ്തകം അടൂര്‍ പ്രകാശ് എം. പിക്ക് കോപ്പി നല്‍കി സുരേഷ് ഗോപി പ്രകാശനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂര്‍ പ്രകാശ് എം.പി., വി. ജോയ് എം.എല്‍.എ. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം ലാജി , ഗുരുധര്‍മ്മ പ്രചരണസഭാ ഉപദേശകസമിതി ചെയര്‍മാന്‍ വി.കെ. മുഹമ്മദ് ഭിലായ്, സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!