യുവ ഡോക്ടറുടെ ബലാത്സംഗക്കൊല; ആശുപത്രി അടിച്ചു തകര്‍ത്ത 9 പേര്‍ അറസ്റ്റില്‍; ‘ഒപ്പമുണ്ട്’ ആനന്ദബോസിന്റെ ഉറപ്പ്

കൊല്‍ക്കത്ത : വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെ കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഒമ്പത് പേര്‍ അറസ്റ്റില്‍. സമരപ്പന്തലും പൊലീസ് ചെക്ക് പോസ്റ്റും അടിച്ചുതകര്‍ത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സിബിഐ സംഘം കൊല്ലപ്പെട്ട ഡോക്ടറുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരുകൂട്ടം ആളുകള്‍ ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെ അര്‍ധരാത്രിയോടെ ചില ആളുകള്‍ ആശുപത്രി വളപ്പില്‍ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. വാഹനങ്ങളും പൊതുമുതലും നശിപ്പിച്ച അക്രമികള്‍ പൊലീസിന് നേരെയും ആക്രമണം നടത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിക്കേണ്ടി വന്നു. 15 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

വ്യാഴാഴ്ച രാവിലെ അക്രമികളില്‍ ചിലരുടെ ചിത്രങ്ങള്‍ കൊല്‍ക്കത്ത പൊലീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മണിക്കൂറുകള്‍ക്കകം ഒമ്പത് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പൊലീസ് നേരത്തെ പുറത്തുവിട്ട ചിത്രങ്ങളില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിന് പുറത്ത് പ്രതിഷേധം നടത്തുന്ന ഡോക്ടര്‍ അനുഭവ് മണ്ഡല്‍ പറഞ്ഞു.

ഇതിനിടെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവിആനന്ദ ബോസ് ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കി. ഇത്തരം ഹീനമായ കാര്യങ്ങള്‍ അനുവദിക്കാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. യുവഡോക്ടറെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തയ സംഭവം ഞ്ഞെട്ടിക്കുന്നതാണ്.  പെണ്‍മക്കളെയും സഹോദരിമാരെയും സംരക്ഷിക്കാന്‍ കഴിയാത്തത് രാജ്യത്തിന് വലിയ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!