മുട്ടം(ഇടുക്കി) : നര്‍ത്തകനും നൃത്താധ്യാപകനും, മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ മുട്ടം കല്ലാനിക്കല്‍ അലക്‌സ് തോമസ്(53) ചമയങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി.
താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നൃത്തത്തിനായി കുട്ടികളെ ഒരുക്കുന്നതിനിടെയാണ് രംഗബോധമില്ലാത്ത മരണം അലക്‌സിനെ കൂട്ടി കൊണ്ടുപോയത്.
കോലാനിയില്‍ സ്‌കൂള്‍ കലോത്സവത്തിനായി വിദ്യാര്‍ഥികളെ നൃത്ത മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഒരുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല.
തപസ്യ കലാ സാഹിത്യവേദി തൊടുപുഴ യൂണിറ്റ് അംഗമാണ്. നൃത്തരംഗത്ത് ഏറെ തിളങ്ങിയ കലാകാരനാണ് അലക്‌സ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്‌കൂളുകളിലും കോളേജുകളിലും നൃത്താധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. നൃത്ത മേഖലയില്‍ വലിയൊരു ശിഷ്യ സമ്പത്തിന് ഉടമ കൂടിയായിരുന്നു അലക്‌സ്.
കലയെ സ്വന്തം ജീവിതവുമായി ഏറെ അടുപ്പിച്ച് നിര്‍ത്തിയ കലാകാരനാണ് അലക്‌സ്. മക്കള്‍ രണ്ടു പേരും കലാരംഗത്ത് കഴിവ് നേടിയവരാണ്. മക്കളില്‍ ഒരാളായ അഥീന ആന്‍ അലക്‌സ് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും നല്ലൊരു നൃത്ത കലാകാരിയുമാണ്. അടുത്തിടെയായിരുന്നു അഥീന കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും ബി എ സംസ്‌കൃതത്തില്‍ 5-ാം റാങ്ക് നേടിയത്.
മകളുടെ നേട്ടത്തില്‍ ഏറെ സന്തോഷവാനായിരുന്നു അലക്‌സ്.
താന്‍ ഇഷ്ടപ്പെട്ടിരുന്ന നൃത്തത്തിനായി കുട്ടികള്‍ക്ക് ചമയം ഒരുക്കുന്നതിനിടെ ജീവിതത്തിന്റെ ചമയങ്ങളെല്ലാം അഴിച്ചുവെച്ചുള്ള മടക്കം നാട്ടുകാരും അലക്‌സിനെ സ്‌നേഹിക്കുന്നവരും ഏറെ വേദനയോടെയാണ് ഉള്‍ക്കൊണ്ടത്. പതിറ്റാണ്ടുകളായി തുടര്‍ന്ന കലാസപര്യയിലൂടെ കലാരംഗത്ത് സ്വന്തം കൈയൊപ്പ് ചാര്‍ത്തിയാണ് അലക്‌സ് മടങ്ങിയത്. ഭാര്യ: ജോളി മക്കള്‍: അഥീന ആന്‍ അലക്‌സ് (യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി) ആദിത് (ഡിഗ്രി വിദ്യാര്‍ഥി, സെന്റ്. ജോസഫ് കോളേജ് മൂലമറ്റം).