ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെവന്നിട്ടും മാറിനിൽക്കാനോ മറ്റാർക്കെങ്കിലും പാർട്ടിയെ നയിക്കാനുള്ള അവസരം നൽകാനോ രാഹുലിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസും അതിനെ അനുകൂലിക്കുന്നവരും ഏതെങ്കിലും ഒരു വ്യക്തിയേക്കാൾ വലുതാണെന്നും പാർട്ടിയുടെ തുടരേയുള്ള പരാജയങ്ങൾക്ക് കാരണക്കാരനെന്ന നിലയിൽ നേതൃസ്ഥാനത്ത് തുടരണമെന്നുള്ള കടുംപിടിത്തം രാഹുൽ ഒഴിവാക്കേണ്ടതാണെന്നും ജനാധിപത്യവിരുദ്ധമാണ് രാഹുലിൻറെ നിലപാടെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷമായി നിങ്ങൾ ഒരു വിജയവുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ, ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല. അഞ്ച് വർഷത്തേക്ക് അത് മറ്റാരെയെങ്കിലും ചെയ്യാൻ അനുവദിക്കണം. നിങ്ങളുടെ അമ്മ അത് ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.