വയനാട്: ആനക്കൂട്ടത്തിൻ്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ വിരട്ടിയോടിച്ച് കാട്ടാന. വയനാട്ടിലെ മുത്തങ്ങയിലാണ് സംഭവം.
രണ്ട് യുവാക്കളെ ആന വിരട്ടിയോടി ക്കുന്നതിന്റെയും തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെടുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മസനഗുഡി വഴി ഊട്ടിയിലേക്ക് പോകുകയായിരുന്ന തലപ്പുഴ സ്വദേശി സവാദാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ആന്ധ്രാ സ്വദേശികളെയാണ് ആന വിരട്ടിയോടിച്ചത് എന്നാണ് സൂചന. കാറിൽ പോകുന്നതിനിടെ ഇവർ വഴിയരികിൽ വാഹനം നിർത്തി ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു.
ഇത് കണ്ട ആന ഇവർക്ക് നേരെ പാഞ്ഞടുത്തു. ഇവർ ഓടിയതോടെ ആനയും റോഡിലേക്ക് എത്തി. തുടർന്ന് ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ സംഘത്തിലെ മറ്റൊരാൾ കാറുമായി ഒപ്പം പോകുന്നു ണ്ടെങ്കിലും ഇവർക്ക് കയറാൻ കഴിയുന്നില്ല. ഇതിനിടെ കൂട്ടത്തിൽ ഒരാൾ താഴെ വീണു. ഇയാളെ ആന തുമ്പിക്കൈ കൊണ്ട് ആക്രമിക്കുകയും ചവിട്ടാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ഇതിനിടെ അതുവഴി മറ്റൊരു ലോറി എത്തി. ഇതോടെ ആനയുടെ ശ്രദ്ധ തെറ്റുകയായിരുന്നു. തുടർന്ന് താഴെ വീണയാൾ ഉടൻ എഴുന്നേറ്റ് സുരക്ഷിത സ്ഥാനത്തേക്ക് മാറി.
തുമ്പിക്കൈ കൊണ്ട് അടിച്ചു; ചവിട്ടാനും ശ്രമം; ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ വിരട്ടിയോടിച്ച് കാട്ടാന
