മോസ്കോ : തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശി ബിനിൽ കൊല്ലപ്പെട്ടത്ത് ഡ്രോൺ ആക്രമണത്തിലെന്ന് ചികിത്സയിലുള്ള ജെയിൻ. സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് ഈ കാര്യം പറയുന്നത്.ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ് മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ജെയിൻ.
തന്നെ യുദ്ധമുഖത്തേക്ക് കൊണ്ടുപോകുന്ന വഴിക്ക് ബിനിൽ മരിച്ച് മരവിച്ചു കിടക്കുന്നുണ്ടായിരുന്നു. ദേഹത്ത് മുഴുവൻ രക്തം കട്ടപിടിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻതന്നെ ഒപ്പമുണ്ടായിരുന്ന പട്ടാളക്കാർ തന്നെ അവിടെ നിന്നും നീക്കാൻ ശ്രമിച്ചു. ഇതിനിടയിൽ മൃതദേഹം നേരെയാക്കി നോക്കിയപ്പോൾ ശരീരം മരവിച്ച നിലയിലായിരുന്നു. ഡ്രോൺ അറ്റാക്കിലൂടെയാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായി. തിരിച്ചുപോകും വഴി തൻ്റെ നേർക്കും ഡ്രോൺ ആക്രമണം ഉണ്ടായെന്ന് ജെയിൻ പറഞ്ഞു. പിന്നീട് തന്നെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സന്ദേശത്തിൽ ജെയിൻ വ്യക്തമാക്കുന്നു.
ആഴ്ചകൾക്ക് മുൻപാണ് ബിനിലിനെയും ജെയ്‌നിനെയും റഷ്യ മുൻനിര പോരാളിയായി നിയമിച്ചത്. ഇതിൽ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനിൽ യുദ്ധമുഖത്തുവെച്ച് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്.