ന്യൂഡല്‍ഹി : ‘ലഖ്പതി ഭീദി പദ്ധതി’യില്‍ ഉള്‍പ്പെട്ടവർക്കായി 2,500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.
11 ലക്ഷം സ്ത്രീകളെ ആദരിക്കും. മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ നടക്കുന്ന ലഖ്പതി ഭീദി സമ്മേളനത്തിലാണ് പ്രധാനമന്ത്രി തുക കൈമാറുക.
4.3 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 48 ലക്ഷം അംഗങ്ങള്‍ക്കാണ് ഈ റിവോള്‍വിംഗ് ഫണ്ട് പ്രയോജനപ്പെടുക. 2.35 ലക്ഷം സ്വയം സഹായ സംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങള്‍ക്ക് 5,000 കോടിയുടെ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്യും. ലഖ്പതി ഭീദിമാരായ 11 ലക്ഷം പേർക്കുള്ള സർട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി കൈമാറും. അവരെ ആദരിക്കും. രാജ്യത്തുടനീളമുള്ള ലഖ്പതി ഭീദിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറൻസിലൂടെ ആശയ വിനിമയം നടത്തും.
ലഖ്പതി ഭീദി പദ്ധതിയിലൂടെ ഒരു കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി. മൂന്നു കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ലഖ്പതി ഭീദി പദ്ധതിക്കു കീഴില്‍ സ്ത്രീകള്‍ക്ക് ഡ്രോണുകളുടെ പ്രവർത്തനവും നന്നാക്കലും, പ്ലംബിങ്, എല്‍ഇഡി ബള്‍ബ് നിർമാണം തുടങ്ങിയവയിലുമാണ് പരിശീലനം.
മലയാളി വനിതകളെയും പ്രധാനമന്ത്രി ഇന്ന് ആദരിക്കും. കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ തൃശൂർ ജില്ലയിലെ മാള കുഴൂർ മാങ്ങാംകുഴി സുധ ദേവദാസും എറണാകുളം അങ്കമാലി തുറവൂർ പാലികൂടത്ത് എല്‍സി ഔസേഫുമാണ് പരിപാടിയുടെ ഭാഗമാകുന്നത്. കാർഷിക മേഖലയിലൂടെ വിജയം കൊയ്തവരാണ് ഇരുവരും.